Sectors of Intervention
പിലാത്തറ : പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടിയുള്ള പ്രവർത്തനമാണ് ഈശ്വര സേവനം എന്നും കത്തോലിക്കാ സഭ നടപ്പാക്കുന്നത് ഇതാണെന്നും ഗോവ ഗവർണർ ശ്രീധരൻ പിള്ള. പിലാത്തറ സെൻറ് ജോസഫ് കോളേജ് ഓഡിറ്റോറിയത്തിൽ കണ്ണൂർ രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കയ്‌റോസിന്റെ രജത ജൂബിലി ആഘോഷങ്ങൾ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല അദ്ധ്യക്ഷത വഹിച്ചു.രജത ജൂബിലിയുടെ ഭാഗമായി കയ്റോസ് നിർമ്മാണം പൂർത്തീകരിച്ച 6 ഭവനങ്ങളിൽ ആദ്യ ഭവനത്തിന്റെ താക്കോൽ ദാന ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ നിർവഹിച്ചു.കയ്റോസിന് തുടക്കമിട്ട മോൺ ക്ലാരൻസ് പാലിയത്ത് മറ്റ് ഡയറക്ടർമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ഉദ്ഘാടനം വെബ്സൈറ്റ് സ്വിച്ച് ഓൺ ചെയ്ത് നിയമസഭ സ്പീക്കർ എം എൻ ഷംസീർ നിർവഹിച്ചു.25 വർഷം കൊണ്ട് ഒരു നൂറ്റാണ്ടിന്റെ സമാനതകളില്ലാത്ത സംഭാവനയാണ് കൈറോസ് നൽകിയത് എന്ന് മുരിങ്ങ ഗ്രാമം പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് തലശ്ശേരി അതിരൂപത ആർച്ചു ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി പറഞ്ഞു.സുവനീർ പ്രകാശനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. ന്യൂട്രീഷൻ കിറ്റ് വിതരണ ഉദ്ഘാടനം സിനിമ സംവിധായകൻ ലാൽ ജോസ് നിർവഹിച്ചു.കണ്ണൂർ രൂപതയിലെ വൈദികർ സന്യസര് എന്നിവയ്ക്ക് പുറമേ കണ്ണൂർ കാസർഗോഡ് ജില്ലകളിലെ 65 വികസന സമിതികളിലായി പ്രവർത്തിക്കുന്ന സ്വാശ്രയ സംഘങ്ങൾ, കുട്ടികളുടെ സംഘങ്ങൾ,കോൾപിംഗ് യൂണിറ്റുകൾ എന്നിവയിലെ പ്രവർത്തകരും ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.വിവിധ കലാപരിപാടികളും അരങ്ങേറി.